ദിലീപിന്റെ ജാമ്യം റദ്ദാക്കാനുളള നീക്കങ്ങളുമായി പോലീസ്

Monday, February 23 2015
img

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ 8-ാം പ്രതിയായ ചലച്ചിത്രതാരം ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യാനുള്ള നീക്കങ്ങളുമായി പ്രോസിക്യൂഷന്‍ രംഗത്ത്.

നടി അക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ ചൂണ്ടികാട്ടിയാണ് പോലീസിന്റെ നീക്കം.

കൊച്ചിയില്‍ നടിയെ ആക്രമിച്ചകേസിലെ പ്രധാന തെളിവുകളില്‍ ഒന്നായ നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ ജാമ്യവ്യവസ്ഥയുടെ ലംഘനവും ഇരയെ അപകീര്‍ത്തിപെടുത്തുന്നതുമാണെന്ന നിലപാടാണ് പോലീസിനുള്ളത്.

ദിലീപിന്റെ ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ ജാമ്യം റദ്ദാന്‍ പര്യാപ്തമാണെന്നാണ് പോലീസ് നിഗമനം. ദിലീപിന്റെ വിദേശയാത്രപോലും സംശയാസ്പദമാണെന്ന നിലപാടിലാണ് പൊലിസ്.

ഈ സാഹചര്യത്തിലാണ് ദിലീപിന്റെജാമ്യം റദ്ദാക്കുന്നതിന് ഹര്‍ജി നല്‍കുന്നകാര്യം പോലീസ് പരിഗണിക്കുന്നത്. ഇതുസംബന്ധിച്ച് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സുരേഷനും ഡി.ജി.പി മഞ്ചേരി ശ്രീധരന്‍ നായരുമായി കൂടികാഴ്ച്ച നടത്തി.

ഹര്‍ജി എന്നു നല്‍കണമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് നിശ്ചയിക്കാമെന്ന ധാരണയിലാണ് പ്രോസിക്യൂഷന്‍. ദൃശ്യത്തിലുള്ള സ്ത്രീയുടെ സംസാര ശകലങ്ങള്‍പോലും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നതായി പോലീസ് ചൂണ്ടികാട്ടുന്നു.

ദൃശ്യത്തിന്റെ പകര്‍പ്പ് നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. തെളിവുകളായി ഹാജരാക്കിയ 71 രേഖകളില്‍ ദിലീപിന് നല്‍കാവുന്ന രേഖകളെ സംബന്ധിച്ചും കോടതിയെ പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുണ്ട്. ഹര്‍ജി പരിഗണിക്കുന്നത് അങ്കമാലി കോടതി വരുന്ന 25 ലേക്ക് മാറ്റിയിട്ടുണ്ട്.